നിങ്ങളുടെ നാട്ടിൽ ഒരിക്കലും ഒരു പെണ്ണും പീഡിപ്പിക്കപെടുകയില്ല

പ്രിയമുള്ളവരേ,
ഞാനൊരു പാവം വനവാസിയായ പുള്ളിപ്പുലിയാണ്.  ഞാനീ പോസ്റ്റ് ഇടാൻ കാരണം രണ്ടു ദിവസം മുൻപ് നടന്ന ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ്,  രണ്ടു ദിവസം മുൻപ് ഞാൻ വഴി തെറ്റി നിങ്ങളുടെ നാട്ടിലെ കണ്ണൂരിലെത്തി.  എന്നാ പിന്നെ നാടൊക്കെ ഒന്ന് ചുറ്റിക്കാണാമെന്നു ഞാനും കരുതി.  ഒരു അഥിതിയോട് കാണിക്കേണ്ട ഒരു മര്യാദയും നിങ്ങൾ കാട്ടിയില്ലെന്നു മാത്രമല്ല, എന്നെ ഒരു ക്രൂര ജീവിയായി കണ്ടു.  പോലീസ്കാർ എന്നെ പിടിക്കാൻ ജാഗരൂകരായി നിലകൊണ്ടു.  സോഷ്യൽ മീഡിയയിലും ചാനലുകളിലും എന്നെ ഒരു ഭീകരനായി ചിത്രീകരിച്ചു.  സത്യത്തിൽ ആ മതിലിൽ കയറി ഇരിക്കുമ്പോൾ ഞാൻ TV ന്യൂസ് ഒക്കെ കാണുന്നുണ്ടായിരുന്നു.  വന്യ ജീവിയായ പുലി ജനങ്ങൾക്ക് ഭീതി പടർത്തിക്കൊണ്ടിരിക്കയാണെന്നു ഒരു ചാനെൽ, പിന്നെ മറ്റുള്ളവർ അതിലപ്പുറവും.  സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്.  ഇതേ കണ്ണൂരിലാണ് ഒരാഴ്ച മുൻപ് ഒരു വൈദികൻ ഒരു പെണ്ണിനെ പീഡിപ്പിച്ചത്,  രാഷ്ട്രീയത്തിന്റെ പേരും  പറഞ്ഞു തമ്മിൽ തമ്മിൽ കൊന്നു കൊലവിളിക്കുന്നത്,  ആളുകൾ ഒരു പരിചയവുമില്ലാത്തവനെ Quotation എടുത്തു വെട്ടിയരിയുന്നത്.  ഇതൊക്കെ കാണുമ്പോൾ ഞങ്ങൾ വനവാസികളാണ് എത്രയോ ഭേദം എന്ന് എന്റെ അമ്മാവൻ പറയാറുള്ളത് ഞാൻ ഓർത്തു പോയി.  സന്ധ്യ കഴിഞ്ഞപ്പോഴേക്കും മയക്കു വെടിയുമായി വന്ന ആൾ എന്നെ ഉന്നം പിടിച്ചു നിന്നു.  ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല,  അവസാനം അവർ എന്നെയും താങ്ങി പിടിച്ചു നടന്നു.  എനിക്കവരോട് പലതും ചോദിക്കാൻ വന്നതാ,  മയക്കത്തിലായതു കൊണ്ട് നാവു പൊങ്ങിയില്ല.  ആ കാര്യങ്ങൾ ഇപ്പോൾ നിങ്ങളോടു ഞാൻ ചോദിക്കട്ടെ.  അല്ലയോ പ്രിയ നാട്ടുകാരെ, നിങ്ങൾ ഇന്നലെ എന്നെ പിടിക്കാൻ കാണിച്ച ഒരുമയും കൂട്ടായ്മയും മനോഭലവും നിങ്ങളെന്നും കാണിച്ചിരുന്നെങ്കിൽ നിങ്ങളുടെ നാട്ടിൽ ഒരിക്കലും ഒരു പെണ്ണും പീഡിപ്പിക്കപെടുകയില്ലായിരുന്നു,  ഒരു നടിയെയും ആരും ഉപദ്രവിക്കിയില്ലായിരുന്നു,  രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേര് പറഞ്ഞു ആരും ആരെയും കൊല്ലുകയില്ലായിരുന്നു.  ഇനിയെങ്കിലും നിങ്ങൾ ഈ ഒത്തൊരുമ കാത്തു സൂക്ഷിച്ചാൽ നിങ്ങൾക്കു തന്നെ നന്ന്.  ആ മയക്കു വെടി ക്കാരനെയും തോക്കിനെയും എങ്ങും പറഞു വിടരുത്‌,  സാമൂഹ്യ ദ്രോഹികൾക്കു നേരെ എപ്പോഴും ഒരു മയക്കു വെടിയുയുമായി ഒരാളുണ്ടെന്ന തോന്നൽ എല്ലാവരുടെയും ഉള്ളിൽ ഉണ്ടാവട്ടെ. യോഗമുണ്ടെങ്കിൽ ഇനിയും കാണാം.  അന്നത്തേക്കു നിങ്ങൾ എല്ലാവരും ഉണർന്നു പ്രതികരണ ശേഷി കൈവരിച്ചവരായിത്തീരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തട്ടെ

എന്ന് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം
പുള്ളിപ്പുലി,  കാടു ഹൌസ്, വനം പോസ്റ്റ്

Comments

Popular posts from this blog

കുങ്കുമത്തിന്റെ (കുങ്കുമപ്പൂവ്) ന്റെ ചരിത്രം